Sunday, December 5, 2010

വരയില്‍ തീരുന്നത്


പല നിലകളിലായി
ഭയം
അതിന്‌ മകുടം ചാര്‍ത്തി
ഏറ്റവും മുകളില്‍
ഉത്കണ്o

ഇങ്ങനെ വരയ്ക്കാം
എന്റെ വീട്.
വാസ്തു വേറിട്ടതാണ്,
ഈശാനകോണില്‍
ശൂന്യത.
അഗ്നികോണില്‍
ഏകാന്തത.
വായുകോണില്‍
വീര്‍പ്പുമുട്ടല്‍ .
നിര്യതികോണില്‍
സങ്കടങ്ങള്‍ !

ഇതൊക്കെ
ഞാന്‍ രേഖപ്പെടുത്തിയില്ലെങ്കിലും
സ്വയം തെളിഞ്ഞുനില്‍ക്കും.
ഏറ്റവും നടുവില്‍ ,
പ്രതിമയായിട്ടോ,ചിത്രമായിട്ടോ,
ശിഥിലസ്വത്വത്തിന്റെ
പരിപൂര്‍ണമായ ഒരാവിഷ്കാരം വേണം

വേണമെങ്കില്‍
മുന്‍വിധികള്‍ കൊണ്ട്‌
അതിരുകള്‍ വരയ്ക്കാം.
മുന്നില്‍ , ഒരു വശത്തായി
അതിക്രമിച്ചുകടക്കരുത്
എന്നൊരു ബോര്‍ഡ്
സ്ഥാപിക്കുന്നതായി
സങ്കല്പിക്കുകയും ചെയ്യാം.

പക്ഷേ,എന്നാണ്‌
ഇതൊന്നു പണിതീര്‍ന്നുകിട്ടുന്നത്?

Tuesday, November 16, 2010

വേശ്യയുടെ മുറി


എന്നും കാലത്ത്
നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
കുറേ വാക്കുകള്‍ കളഞ്ഞു കിട്ടാറുണ്ട്.
ഉറഞ്ഞു കട്ടയായി
മുറിയുടെ പല മൂലകളില്‍
മുഖം പൂഴ്ത്തിക്കിടക്കുകയാണവ.

കരളേ, പൊന്നേ, ഹാ..

വാക്കുകള്‍ പലതാണ്.
വലുതും ചെറുതുമായ വാക്കുകള്‍.

വാചകങ്ങളും വിരളമായുണ്ട്.

പലതും പുലര്‍ച്ചെയാവുംപോഴെയ്ക്കും
മുറിഞ്ഞു പോയിരിക്കും.

വാക്കുകള്‍ അക്ഷരങ്ങള്‍ ആയി പിരിഞ്ഞും കിടക്കാറുണ്ട്.

എന്നും കാലത്ത് നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
അക്ഷരങ്ങള്‍ എണ്ണിനോക്കാറുണ്ട്.
തലേന്നത്തെ പ്രണയത്തിനിടയില്‍
തെറിച്ചു തൂവിപ്പോയവ.

ഏറ്റവും അധികം എണ്ണത്തിലുള്ളത്
'പ' എന്ന അക്ഷരം ആകുന്നു.

പൊന്നേ, പൂവേ, തൊട്ടു പൊലയാടി മോളേ വരെ
അതങ്ങനെ വ്യാപിച്ചു കിടപ്പാണല്ലോ

Thursday, September 9, 2010

വീട് - ഷാജി അമ്പലത്ത്


കഷ്ട്ടപെട്ടാണ്
അടിത്തറയും
അസ്തിവാരവും കെട്ടിയത്

കളിമുറ്റവും
നടുമുറ്റവും
പ്രത്യേകം വേര്‍തിരിച്ചു

നിലാവ് കൊണ്ട് മേല്‍കൂരയും
ഊഞ്ഞാലുകെട്ടാന്‍
വടക്കെ മാങ്കൊമ്പും
മുറിച്ചു മാറ്റരുതെന്ന
ആഗ്രഹം അവളുടെതാണ്

കവിതകള്‍ക്ക്
വിശ്രമിക്കാന്‍
പൂമുഖത്ത്
ഒരു ചാരുകസേരയാണ്
എന്‍റെ സ്വപ്നം

അടുക്കി പെറുക്കി
വളരെ സാവധാനമാണ്‌
തുടങ്ങിയത്

പടച്ചവനോടൊപ്പം
പാതിരാ തീവണ്ടിയില്‍
അവള്‍
ഒളിച്ചോടിയതിനുശേഷമാണ്
പണി
പാതിയില്‍ മുടങ്ങിപോയതും
ചുരുണ്ടുകൂടാന്‍
ഒരു ഹൃദയമില്ലാതെപോയതും

Monday, August 9, 2010

ഉപ്പിലിട്ടത് - സെറീന

ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റിക്കിടക്കുമ്പോള്‍
ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി.

ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച
ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,
മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,

ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു.
ആഴ്ന്നു കിടന്നു,
കാ‍ന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!

Thursday, July 1, 2010

കവിതയുടെ വിരല്‍ത്തുമ്പില്‍ - എം സങ്



ഉപേക്ഷിക്കപ്പെട്ടൊരു
ഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?
ഉറക്കത്തിനും
ഉണര്‍ച്ചയ്ക്കുമിടയിലെ
നൂല്‍വഴികടന്നു
എന്തിനാണവള്‍
നിര്‍ത്താതെ കരയുന്നത് ?
അദൃശ്യമായ
ഏത് വിരല്‍ പിടിച്ചാണ്
അവള്‍
അരികിലേക്ക് വരുന്നതു ?
കുഞ്ഞുങ്ങളില്ലാത്തവളുടെ
അമ്മ മനസ്സുപോലെ
എന്തിനാണ് ഞാന്‍
വിതുമ്പുന്നത്

രാത്രിപോലും അറിയാതെ.

E-mail
sangmkallada@gmail.com

Wednesday, June 23, 2010

മ്യൂറല്‍ - ശ്രീകുമാര്‍ കരിയാട്



തത്തസ്കൂളില്‍
തരികിടഭാഷ
പഠിപ്പിക്കാനായി

തെക്കുന്നെത്തിയ
മാസ്റ്റര്‍ മുറുക്കി-
ത്തുപ്പല്‍
പതിവാക്കി.

വെറ്റിലപുകലച്ചുണ്ണാമ്പുകളുടെ
ടെക്നിക്കളറോടെ
ദിക്കിന്‍ ചുവരുനിറഞ്ഞൂ
കാറിയ
മ്യൂറല്‍ച്ചിത്രങ്ങള്‍.

Email
sreekumar.kariyad@gmail.com

Saturday, June 19, 2010

രാധാമണി - ഷാജി അമ്പലത്ത്



നിറഞ്ഞുപെയ്യുന്ന കവിതയില്‍
അകമറിഞ്ഞ് നനയുന്നുണ്ട്
മുറ്റത്ത്
പൂവും പൂമ്പാറ്റയും.

കണ്ടിട്ടുണ്ട്
ബാല്യത്തിലേക്ക്
കളിവള്ളം കാത്തിരിക്കുന്ന കവിയെ.

അറിഞ്ഞിട്ടുണ്ട്
വലിച്ചെറിഞ്ഞ
കടലാസുചുരുളുകളില്‍
പോയകാല പ്രണയത്തിന്റെ
മൂളലും ഞരക്കവും

കേട്ടിട്ടുണ്ട്
കൂലിപ്പണിക്ക് പോകാതെ
കുത്തിയിരുന്നെഴുതിയ
കവിതയില്‍ നിന്ന്
മുഷ്ടി ചുരുട്ടിയിറങ്ങിപ്പോവുന്ന
മുദ്രാവാക്യങ്ങളെ

കവിതയിലേക്ക്
പിന്നെയും
ഇടയ്ക്കൊക്കെ
ഞാനൊന്ന്‌ പാളിനോക്കും

കവികുടുംബത്തിന്റെ
വിശാപ്പാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോയെന്നും.

email: shaji027@gmail.com