Tuesday, November 16, 2010

വേശ്യയുടെ മുറി


എന്നും കാലത്ത്
നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
കുറേ വാക്കുകള്‍ കളഞ്ഞു കിട്ടാറുണ്ട്.
ഉറഞ്ഞു കട്ടയായി
മുറിയുടെ പല മൂലകളില്‍
മുഖം പൂഴ്ത്തിക്കിടക്കുകയാണവ.

കരളേ, പൊന്നേ, ഹാ..

വാക്കുകള്‍ പലതാണ്.
വലുതും ചെറുതുമായ വാക്കുകള്‍.

വാചകങ്ങളും വിരളമായുണ്ട്.

പലതും പുലര്‍ച്ചെയാവുംപോഴെയ്ക്കും
മുറിഞ്ഞു പോയിരിക്കും.

വാക്കുകള്‍ അക്ഷരങ്ങള്‍ ആയി പിരിഞ്ഞും കിടക്കാറുണ്ട്.

എന്നും കാലത്ത് നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
അക്ഷരങ്ങള്‍ എണ്ണിനോക്കാറുണ്ട്.
തലേന്നത്തെ പ്രണയത്തിനിടയില്‍
തെറിച്ചു തൂവിപ്പോയവ.

ഏറ്റവും അധികം എണ്ണത്തിലുള്ളത്
'പ' എന്ന അക്ഷരം ആകുന്നു.

പൊന്നേ, പൂവേ, തൊട്ടു പൊലയാടി മോളേ വരെ
അതങ്ങനെ വ്യാപിച്ചു കിടപ്പാണല്ലോ

2 comments:

എം പി.ഹാഷിം said...

ഇഷ്ടമായി ....
നല്ല കവിത

ഇ.എ.സജിം തട്ടത്തുമല said...

ആണല്ലോ!

നന്നായിട്ടുണ്ട്!