Tuesday, June 19, 2012

ദൈവം കരുതിവെച്ചത് - എം പി.ഹാഷിം


നവജാത ശിശുക്കള്‍ക്കായുള്ള
തീവ്രപരിചരണ മുറിയില്‍
മുലയൂട്ടുന്നവളുടെ
വേവിനെ വാങ്ങിവെയ്ക്കണം

മരണത്തിന്റെ
നൂലിഴ പൊട്ടിച്ചവനെ
ഭൂമിയിലേയ്ക്ക്
ചുംബിച്ചുണര്‍ത്തണം,

വേവലാതിയില്‍
ഉപ്പുരുക്കുന്ന ഉമ്മയുടെ
കണ്ണോപ്പണം

ഒറ്റയ്ക്ക് ഓടിച്ചുവരുമ്പോള്‍
ഇങ്ങനെയൊക്കെയായിരുന്നെന്റെ
വാഹന വേഗം

ഭൂമിയോളം താഴ്‌ന്ന്
മഴചുരത്തി നില്‍പ്പാണ്
വഴിനിറമാര്‍ന്ന്‌
ആകാശമപ്പോള്‍.

നനഞ്ഞോടും മരങ്ങള്‍ ,
മനുഷ്യര്‍

മഴനനഞ്ഞ റോഡും
ഞാനുമെന്റെ
ദൂരം തുരക്കുന്ന പ്രത്യാശയും
ഓടിയോടിയൊരു
വളവിലെത്തുമ്പോള്‍
മൈലാഞ്ചിയും ,
കള്ളിമുള്‍ചെടിയും
കാടിനെ പ്രതീതിപ്പിച്ച
പറമ്പിനെ ചൂണ്ടി
ആശുപത്രിയെത്താറായെന്ന
തോന്നലിനെ
തിരുത്തുകയാണൊരാള്‍ !


മരിച്ചവരുടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിവിടെയാണെന്ന്
തണുത്ത വിരലുകള്‍
തൊട്ടൊച്ച പൂഴ്ത്തുന്നു.

നിഴലിച്ച ഞരമ്പുകളില്‍
ഭീതിയുടെ രക്തക്കുതിപ്പിനെ
ചക്രവേഗമാക്കുന്നു.

ജീവിതത്തിനും ,
മരണത്തിനും
മദ്ധ്യേ  പിറന്നവന്,
ഓര്‍ത്തോര്‍ത്തു
കനലായവള്‍ക്കും
കരുതിവെച്ച
ചുംബനദൂരത്തേയ്ക്ക്
ഇന്ധന സമൃദ്ധമല്ലാത്ത
വാഹനമാണെന്നയാള്‍
ഉടലില്‍ നിന്നൂരിയെടുക്കുന്നു!

Friday, January 6, 2012

ആമേന് ..


ആമേന് ..


കഴിഞ്ഞ ശനിയാഴ്ച
പാതിരാത്രിയ്ക്കാണ്‌
എനിക്ക് വെളിപാടുണ്ടായത്


തെറ്റിദ്ധരിക്കേണ്ട,
ശരിയും ധരിക്കേണ്ട,
ഞാനൊറ്റയ്ക്കായിരുന്നു,
ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു,
കത്രീനാ കൈഫോ, റിമയോ, അമലയോ
അല്ലെങ്കില്‍ ഏതെങ്കിലും അവളോ
(ഈ വിശുദ്ധ നാമങ്ങള്‍ അടിയനോട്പൊറുക്കേണമേ..ആമേന്‍ )
സ്വപ്നത്തില്‍ വരേണമേയെന്നും
ഉണരും വരെ പോകരുതേയെന്നും ..
(കണ്ടോ, ഈ വെളിപാടിന്റെയൊരോകുഴപ്പങ്ങള്‍  )
അങ്ങിനെ ഞാന്‍ കാത്തിരുന്നു (കിടന്നു)
ആരെങ്കിലും വരേണമേ വരേണമേയെന്ന്
പ്രാര്‍ഥിച്ചിരുന്നു (കിടന്നു)
കത്രീനേ നീ സുന്ദരിയാകുന്നു,
ഓറഞ്ചല്ലികള്‍ നിന്റെ ചുണ്ടുകളെപ്പോലെയാകുന്നു,
യെരുശലേം പുത്രിമാരേ, സ്നേഹത്തിന്റെ ആറ്റിന്‍ പറ്റങ്ങളേ…


വെളിപാടിന്‌ ശേഷം
പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല,
അപ്പോഴും ക.കൈ ഉം , റി യും അ യും…
നിന്റെ കൂന്തല്‍
കര്‍ക്കിടകത്തിലെ മഴമേഘങ്ങള്‍ പോലെ
നിന്റെ വാക്കുകള്‍
പുല്‍നാമ്പിലെ മഞ്ഞുതുള്ളി പോലെ,
ഓ എന്റെ പ്രിയപ്പെട്ടവളേ..
നിന്റെ വെള്ളരിപ്രാവുകള്‍ക്ക് സുഖമല്ലേ..
ഓഹ്..ഞാനിതാ…


പിന്നേം വെളിപാട്,
ചുരുക്കിപ്പറയാം
ശനിയാഴ്ച പാതിരാത്രിയ്ക്ക്
വെളിപാടുണ്ടായതിന് ശേഷം
പായയില്‍ നിന്ന് എഴുന്നേല്‍ക്കാനേ തോന്നുന്നില്ല…
ആമേന്‍ …