Saturday, June 20, 2009

നാലു കവിതകള്‍ - ശശി. ടി.എ



ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.

ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.

ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.

വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


ശവങ്ങള്‍ പറയുന്നത്


കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.

എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.

കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.

എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ

പുലി

സിംഹങ്ങള്‍
പുലികളെ തിന്നു

സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.

E-Mail:
sasita90@gmail.com
Blog:
എരകപ്പുല്ല്

Thursday, June 11, 2009

നിമീലിത 4 സി - മനോജ് കാട്ടാമ്പള്ളി

പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Blog:
പായല്‍

Sunday, June 7, 2009

മതില്‍ - പവിത്രന്‍ തീക്കുനി



നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

Tuesday, June 2, 2009

ഹെയര്‍പിന്‍ ബെന്‍ഡ്‌ - എസ്‌.കലേഷ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.

ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.

മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.

പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..

E-Mail:
skalesh@gmail.com