Sunday, June 7, 2009

മതില്‍ - പവിത്രന്‍ തീക്കുനി



നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

14 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നീ എറിയാത്ത കല്ലുകള്‍
എന്റെ നെറ്റി പൊട്ടിച്ചിരുന്നു..

നീ ചോദിക്കാത്ത ചോദ്യങ്ങളില്‍
ഉത്തരം കിട്ടാതെ എന്റെയുറക്കം
പോയിരുന്നു...

നിന്റെ വിശപ്പിലെന്‍
നിറ വയര്‍ വേദനയില്‍
പുളഞ്ഞിരുന്നു..

ഇനിയും വേണോ കാരണങ്ങള്‍?

തറവാടി said...

വൃത്തമുണ്ടോ ഇല്ലയോ അറിയില്ല ഒന്നറിയാം ഇതൊരു കവിതയാണ് നല്ല കവിത :)

എംപി.ഹാഷിം said...

good!!

എംപി.ഹാഷിം said...

ffd

രാജന്‍ വെങ്ങര said...

ഓന്‍ലൈനില്‍ പവിത്രന്റെ കവിതകള്‍ കാണാന്‍ ഞാന്‍ ഏറെ നാളായി പരതുന്നു.
ഇന്നാണു കാണാന്‍ കഴിഞ്ഞതു.
പവിത്രന്റെ ചിലതൊക്കെ ഞാന്‍ വായിച്ചിരുന്നു.അതുപോലെത്തന്നെ ഇതും വളെരെ നന്നായിട്ടുണ്ട്.എല്ലാ ഭാവുകങ്ങളും..

ഇ.എ.സജിം തട്ടത്തുമല said...

പവിത്രൻ തീക്കുനിയുടെ കവിത ഇവിടെ കണ്ടതിൽ സന്തോഷം.നല്ലകവിത. ഇതുതന്നെ കവിത. മനുഷ്യനു വായിച്ചാൽ മനസിലാകുന്നു എന്നുള്ളതുകൊണ്ട് ഇതു കവിത അല്ലാതാകില്ല!

അനൂപ്‌ കിളിമാനൂര്‍ said...

കേരളം: "മതിലുകളുടെ സ്വന്തം നാട്"...............

maneesarang said...
This comment has been removed by the author.
maneesarang said...

''ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല''
ഈ ഒറ്റ കാരണം മതി അയാള്‍ക്ക്‌ മതില്‍ കെട്ടാന്‍ ..

Unknown said...

ഇഷ്ടം

Unknown said...

ഇഷ്ടം

Unknown said...

ആദ്യം പറഞ്ഞൊക്കെത്തന്നെയാണ് അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം.പിന്നെന്തിന് അയാൾ മതിൽ കെട്ടാതിരിക്കണം?

Unknown said...

വി.എം.കൃഷ്ണദാസ്

Unknown said...

ഹഹ