Sunday, November 8, 2009

ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി.അനില്‍കുമാര്‍



1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും

വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും

ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും

2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല

യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?

കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാ‍ന്‍!

3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി

എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”

Thursday, November 5, 2009

വേലുമ്മാന്‍ - പി. എ. അനിഷ്



അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Visit:
naakila