Tuesday, April 21, 2009

നാലുകെട്ട് - മഹേന്ദര്‍



യറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ അകത്തളം
കണ്ണീരിന്റെയും പായ്യ്യാരങ്ങളുടേയും
കരിപിടിച്ച അടുക്കള

പ്രണയം ഇപ്പോഴും ഒരു
പഴയ നാലുകെട്ടുതന്നെ

ഉച്ചയുറക്കത്തിന്റെ മുഖം
അമര്‍ത്തിത്തുടച്ച്
ചിന്തകളുടെ ജടകെട്ടിയ മുടി വാരിച്ചുറ്റി
അടിച്ചാലും അടിച്ചാലും തീരാത്ത
മുറ്റം അടിച്ചടിച്ച്......

എങ്കിലും
എല്ലാറ്റിനും പിറകിലൊരു തൊടിയുണ്ട്
ഓര്‍മകളുടെ പച്ചതഴച്ച പിന്‍തൊടി
ഇടയ്ക്കിടെ
വര്‍ത്തമാനത്തിന്റെ ചെറുകിളികള്‍
സന്ദര്‍ശനത്തിനെത്തുന്ന
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
കാനല്‍ത്തൊടി

ആസക്തിയും കണ്ണീരുമൊഴിഞ്ഞ്
അതെപ്പോഴും ശാന്തസുന്ദരം തന്നെ

E-Mail :
imahi75@gmail.com

അതിജീവനം-പി. എ. അനിഷ്


മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

E-Mail
paanish80@gmail.com