Saturday, May 23, 2009

രണ്ടു കവിതകള്‍ - രാമചന്ദ്രന്‍ വെട്ടിക്കാട്ട്



1)സമാന്തരം

ടുക്കളയിലെ മണ്‍ചട്ടിയില്‍
വറുത്തരച്ച മീന്‍ കറിയിലൂടൊരു
കൂകിപ്പാച്ചില്‍...

വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.

ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.

ഉമ്മറക്കോലായിലിരുന്ന്
മുത്തശ്ശി മുറുക്കിത്തുപ്പിയത്
രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്.

അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി.

അനാഥരായ
കടവാവലുകള്‍
കറുത്ത പുകച്ചുരുളില്‍
അലിഞ്ഞലിഞ്ഞില്ലാതായി.

വിലാസിനിചച്ചേച്ചി അഴിഞ്ഞുലഞ്ഞ്
സമാന്തര രേഖയിലെ
താളക്കുലുക്കത്തില്‍
രാത്രി ജീവിതം തേടി.

നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...

ഒരിക്കലും കൂട്ടിമുട്ടാതെ...

2)ആലാവുമ്പോള്‍

ഴ് നിലക്കെട്ടിടത്തിന്റെ
നാലാം നിലയില്‍
പിടിവിട്ട് ചാടാന്‍ വെമ്പി
ഒരു ആലിന്‍ തൈ.
പടവുകള്‍
തിരഞ്ഞു പോയ
വേരിനേയും കാത്ത്.

പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
ലിഫ്റ്റിന്റെ ഇരമ്പം.

കയറി വരുന്ന
ഏതെങ്കിലുമൊരാള്‍
കൈ പിടിച്ച്
താഴേക്കിറക്കിയെങ്കില്‍..
ഒരു തറ കെട്ടി..
(ആലായാല്‍ തറ വേണം..)
ആശിച്ചു പോവില്ലേ?

നലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്‍ക്കാന്‍?

E-Mail : thambivn@gmail.com
Blog : ഞാനിവിടെയുണ്ട്

5 comments:

Anonymous said...

"ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്‍റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍...."

പുതിയ യാഥാര്‍ത്ഥ്യങ്ങളില്‍ അമ്പരന്ന്...
വേദനിച്ച്...

Anonymous said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

രണ്ടും നന്നായിരിക്കുന്നു, ആശംസകള്‍.

സബിതാബാല said...

നാട്ടിന്‍പുറത്തിന്റെ ശീതളിമയാര്‍ന്ന വരികള്‍ക്കെന്തെഴുതുവാന്‍??????

സൂത്രന്‍..!! said...

gud .......നല്ല വരികള്‍