Tuesday, June 19, 2012

ദൈവം കരുതിവെച്ചത് - എം പി.ഹാഷിം


നവജാത ശിശുക്കള്‍ക്കായുള്ള
തീവ്രപരിചരണ മുറിയില്‍
മുലയൂട്ടുന്നവളുടെ
വേവിനെ വാങ്ങിവെയ്ക്കണം

മരണത്തിന്റെ
നൂലിഴ പൊട്ടിച്ചവനെ
ഭൂമിയിലേയ്ക്ക്
ചുംബിച്ചുണര്‍ത്തണം,

വേവലാതിയില്‍
ഉപ്പുരുക്കുന്ന ഉമ്മയുടെ
കണ്ണോപ്പണം

ഒറ്റയ്ക്ക് ഓടിച്ചുവരുമ്പോള്‍
ഇങ്ങനെയൊക്കെയായിരുന്നെന്റെ
വാഹന വേഗം

ഭൂമിയോളം താഴ്‌ന്ന്
മഴചുരത്തി നില്‍പ്പാണ്
വഴിനിറമാര്‍ന്ന്‌
ആകാശമപ്പോള്‍.

നനഞ്ഞോടും മരങ്ങള്‍ ,
മനുഷ്യര്‍

മഴനനഞ്ഞ റോഡും
ഞാനുമെന്റെ
ദൂരം തുരക്കുന്ന പ്രത്യാശയും
ഓടിയോടിയൊരു
വളവിലെത്തുമ്പോള്‍
മൈലാഞ്ചിയും ,
കള്ളിമുള്‍ചെടിയും
കാടിനെ പ്രതീതിപ്പിച്ച
പറമ്പിനെ ചൂണ്ടി
ആശുപത്രിയെത്താറായെന്ന
തോന്നലിനെ
തിരുത്തുകയാണൊരാള്‍ !


മരിച്ചവരുടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിവിടെയാണെന്ന്
തണുത്ത വിരലുകള്‍
തൊട്ടൊച്ച പൂഴ്ത്തുന്നു.

നിഴലിച്ച ഞരമ്പുകളില്‍
ഭീതിയുടെ രക്തക്കുതിപ്പിനെ
ചക്രവേഗമാക്കുന്നു.

ജീവിതത്തിനും ,
മരണത്തിനും
മദ്ധ്യേ  പിറന്നവന്,
ഓര്‍ത്തോര്‍ത്തു
കനലായവള്‍ക്കും
കരുതിവെച്ച
ചുംബനദൂരത്തേയ്ക്ക്
ഇന്ധന സമൃദ്ധമല്ലാത്ത
വാഹനമാണെന്നയാള്‍
ഉടലില്‍ നിന്നൂരിയെടുക്കുന്നു!

9 comments:

Unknown said...

നനഞ്ഞോടും മരങ്ങലാണ് മനുഷ്യര്‍
ഈ പ്രയോഗം ഇഷ്ട്ടമായി

എം പി.ഹാഷിം said...

വായനയില്‍ സന്തോഷം!

ദിനേശന്‍ വരിക്കോളി said...

nice..

ദിനേശന്‍ വരിക്കോളി said...

nice..

സ്വപ്ന നായര്‍ said...

ഭൂമിയോളം താഴ്‌ന്ന്
മഴചുരത്തി നില്‍പ്പാണ്
വഴിനിറമാര്‍ന്ന്‌
ആകാശമപ്പോള്‍....
nalla bhavana!

എം പി.ഹാഷിം said...

സ്വപ്നാ .... വായനയില്‍ സന്തോഷം !

ഇലക്ട്രോണിക്സ് കേരളം said...

കൊള്ളാം ഹാഷിം ...അഭിനന്ദനങള്‍

Unknown said...

അസ്സലായിട്ടുണ്ട്. ആശംസകള്‍.

Unknown said...

സബാഷ്!!!!!!