
1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും
വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും
ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും
2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല
യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?
കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാന്‍!
3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍
ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍
ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി
എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”
7 comments:
സമകാലിക കവിത വെറും കാവ്യഗദ്യമായി മാറുകയാണ്.ജനിച്ച് ഒന്നുമവശേഷിപ്പിക്കാതെ മരിക്കുന്നു, ഈ സൂകരപ്രസവങൾ!
മണിപ്രവാളത്തിലെഴുതിയാലേ കവിതയാകൂ, എന്നൊക്കെ വാശി പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.പിന്നീടിത്തരം ധാരാളം ലോകപോലീസുകാര്‍ വന്നുപോയി. കവിത ആദ്യം പിന്നീട് നിയമങ്ങള്‍.
ആർക്കായിരുന്നു വാശി? അവരാരെങ്കിലും സംസ്കൃത കവിതകൾ കവിതയല്ലെന്നു പറഞ്ഞിട്ടുണ്ടൊ? കവിത്രയത്തിന്റെ കവിതകൾ മണിപ്രവാളമല്ലല്ലൊ.അവ കവിത അല്ലെന്ന് ആരെങ്കിലും പറഞ്ഞൊ?(വരിയൂടപ്പൻ വീരന്മാർ പറഞ്ഞേക്കാം)
ഏതിനും അതാതിന്റേതായ നിയമങ്ങൾ ഉണ്ട്. വേണം താനും. ആദ്യം ഭാഷ, പിന്നെ നിയമങ്ങൾ എന്നു കല്പിച്ചാൽ പറയുന്നതും എഴുതുന്നതും ആ കല്പന പൊലെ തന്നെ ഭ്രാന്തായിരിക്കും ഭ്രാന്താലയങ്ങളിൽനിന്നും
വരിയുടപ്പൻ “ഗവികൾ“ ഇറങ്ങും
കവിതയുടെ ലക്ഷണനിര്‍ബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചുവടെ വായിക്കാം
http://malayalam.usvishakh.net/blog/archives/371
യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
-മികവുറ്റത് പതിവുപോലെ .
പിന്നെ മുകളിലെ കമന്റുകളെപ്പറ്റി : ആര്‍ക്കു വേണം ശാശ്വതമായ ഒരു ജന്‍മം!
“തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും“.
“യുദ്ധഭൂമിയില്‍നിന്ന്
............
മരിച്ചവര്‍ തിരിച്ചെത്തുമോ?“
ചിന്തകൾക്ക് തീ പിടിക്കുമ്പോഴാണ് കവികളുടെ വാക്കുകൾ വെടിയുണ്ടകളാകുന്നത്. അവ കൊള്ളെണ്ടിടത്ത് കൊള്ളുന്നതും. ടി. പി. ഉതിർത്ത വാക്കുകൾ ലക്ഷ്യത്തിലേക്ക് പായുന്നതിനാലാണ് പാരമ്പര്യവാദികൾക്ക് വേദനിക്കുന്നത്.
chetta, as usual ഇതും എനിക്കിഷ്ടായീട്ടോ.
Post a Comment