Tuesday, June 2, 2009
ഹെയര്‍പിന്‍ ബെന്‍ഡ് - എസ്.കലേഷ്
ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക് പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്
എന്റെ നില്പ്.
ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്ത്തി മുടികള്‍ക്കിടയിലേക്ക് തിരുകും
ഒരുക്കങ്ങളെക്കുറിച്ച്
ചോദിച്ചിട്ടില്ല.
മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്.
പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..
E-Mail:
skalesh@gmail.com
Subscribe to:
Post Comments (Atom)
2 comments:
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..
തീർച്ചയായിട്ടു, കാത്തിരിക്കുക ആശംസകൾ
വല്ലാതെ അസ്വസ്തമാക്കുന്നു ഈ കവിത..... കുന്നിന് മുകളിലേക്കു പാട്ടു പാടിപോകുന്ന വണ്ടികള്‍.... ഇവരുടെ ശുക്ളത്തില്‍ മുങ്ങിയ മലയാളപത്രങ്ങള്‍ ആണല്ലൊ ദിനം പ്രതി നമ്മുക്കു കിട്ടുന്നത്....
Post a Comment