
ഒരു നിശബ്ദരേഖ
ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.
പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.
റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്ക്കുന്നവര്
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര് തൊട്ടും
ഒച്ച പൂഴ്ത്തി നില്ക്കും.
പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.
ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.
ഉറക്കത്തിലെ ആനകള്‍
കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.
ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.
വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന് സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.
ശവങ്ങള് പറയുന്നത്
കടല്ക്കരയില് കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്
വന്നിരിക്കില്ലെ.
കടലില്‍ പകുതി
താഴ്ന്ന സൂര്യന്
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ
പുലി
സിംഹങ്ങള്‍
പുലികളെ തിന്നു
സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.
ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.
E-Mail:
sasita90@gmail.com
Blog:
എരകപ്പുല്ല്