
പറഞ്ഞുകൊണ്ടിരിക്കുന്നു
അമ്മ
മുളകുചെടികളോട്
അലക്കുകല്ലിനോട്
കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്
ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍
സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു
വെളുപ്പിന്
കാക്കകളോട്
ബഹളം വയ്ക്കുന്നതു കേള്‍ക്കാം
ബാക്കി വന്ന അപ്പം
ഒറ്റയ്ക്കു കൊത്തികൊണ്ടു പോയ
ഒറ്റക്കണ്ണനോട് ദേഷ്യപ്പെടുകയാവും
പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം
മുളകുചെടികള്‍
ആദ്യത്തെ പൂവിടര്‍ത്തിയ വഴുതന
ചാരം തൂര്‍ന്ന അടുപ്പ്
വിറകുപുരയ്ക്കു പിന്നിലെ
കറിവേപ്പില മരം
ചെവിയോര്‍ത്തിരിക്കുന്നതു കാണാം
ജനല്‍ച്ചില്ലില്‍
ഒന്നു രണ്ടു തവണ ചിറകടിച്ച്
ഒറ്റക്കണ്ണന്‍ മരക്കൊമ്പത്തിരിപ്പുണ്ടാകും
അമ്മ വന്നില്ലല്ലോ
അടുക്കളവാതില്‍ തുറന്നില്ലല്ലോ
ഒന്നും പറഞ്ഞില്ലല്ലോ
അമ്മ പറഞ്ഞുതുടങ്ങും വരെ
അവയും
മിണ്ടാതിരിക്കും
paanish80@gmail.com
5 comments:
ആദ്യമായാണ് ഇവിടെ...
നല്ല കവിത!!!
നല്ല ഒരു പിടി കവിതകള്‍
തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
ആശംസകള്‍...
അനീഷ്, ഇപ്പോള്‍ ഇവിടെയെത്തി. അമ്മയുടെ പതം പറച്ചില്‍ വീണ്ടും വായിച്ചു. അനീഷിന്റെ പ്രതിഭ കൂടുതല്‍ ശക്തവും തീക്ഷ്ണവും ആവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ അമ്മക്കവിത എനിക്ക് ഇഷ്ടമയി അനീഷ്.
“ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍“
സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു
അമ്മയുടെ കൊച്ചുപരിഭവങ്ങളും, വാത്സല്യവുമെല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍
നന്ദി
പ്രിയപ്പെട്ട രണ്‍ജിത്, ശിവേട്ടന്‍, അപ്പു
സസ്നേഹം
Post a Comment