Saturday, October 24, 2009

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം - വിഷ്ണുപ്രസാദ്




മലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു



നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!