Wednesday, May 27, 2009

കഞ്ഞി - ശ്രീകുമാര്‍ കരിയാട്‌


മൂന്നു കല്ല്‌
ഉരി അരി
പുഴവെള്ളം
തീപ്പെട്ടി
കലവും.

കണ്ണടച്ചു ധ്യാനിച്ച്‌
തന്റെ കര്‍മ്മമെന്തെന്ന് നിശ്ചയിച്ചുറപ്പിച്ച്‌
ചെയ്യേണ്ടതു ചെയ്യുമ്പോള്‍
കഞ്ഞി ഉണ്ടാകുന്നു.

പക്ഷേ
ഇതൊക്കെ
മര്യാദക്കു സംഭവിക്കണമെങ്കില്‍
ഇവയെ ബന്ധിപ്പിക്കാനൊരാള്‍-
അതായത്‌ ഞാന്‍
അവിടെ ഉണ്ടായിരിക്കണം

പുഴയില്‍നിന്ന്
വെള്ളം ചുമന്നുകൊണ്ടുവന്നത്‌
ആ ഞാനല്ലാതെ പിന്നെ ആരാണ്‌?

പട്ടികളുടേയും
കുഷ്ഠരോഗികളുടേയും
തെണ്ടികളുടേയും
വിശപ്പു തീരുംവരെ
കഞ്ഞി വിളമ്പിക്കൊടുക്കുന്ന ഒരുവന്‍
എന്റെ സങ്കല്‍പ്പത്തിലുണ്ട്‌.
അവന്‍ ഇറങ്ങി വന്ന്
കീശയില്‍ കയ്യിട്ട്‌ തീപ്പെട്ടി
എറുമ്പ്‌ അരി
ക്ഷാമം കലം
ബാക്കി മൂന്നു കല്ല്
രാമന്‍ രാവണനെ കൊന്നു.
ഞാന്‍ കഞ്ഞി ഉണ്ടാക്കി.

Email
sreekumar.kariyad@gmail.com
Blog:
മേഘപഠനങ്ങള്‍

Saturday, May 23, 2009

രണ്ടു കവിതകള്‍ - രാമചന്ദ്രന്‍ വെട്ടിക്കാട്ട്



1)സമാന്തരം

ടുക്കളയിലെ മണ്‍ചട്ടിയില്‍
വറുത്തരച്ച മീന്‍ കറിയിലൂടൊരു
കൂകിപ്പാച്ചില്‍...

വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.

ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.

ഉമ്മറക്കോലായിലിരുന്ന്
മുത്തശ്ശി മുറുക്കിത്തുപ്പിയത്
രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്.

അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി.

അനാഥരായ
കടവാവലുകള്‍
കറുത്ത പുകച്ചുരുളില്‍
അലിഞ്ഞലിഞ്ഞില്ലാതായി.

വിലാസിനിചച്ചേച്ചി അഴിഞ്ഞുലഞ്ഞ്
സമാന്തര രേഖയിലെ
താളക്കുലുക്കത്തില്‍
രാത്രി ജീവിതം തേടി.

നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...

ഒരിക്കലും കൂട്ടിമുട്ടാതെ...

2)ആലാവുമ്പോള്‍

ഴ് നിലക്കെട്ടിടത്തിന്റെ
നാലാം നിലയില്‍
പിടിവിട്ട് ചാടാന്‍ വെമ്പി
ഒരു ആലിന്‍ തൈ.
പടവുകള്‍
തിരഞ്ഞു പോയ
വേരിനേയും കാത്ത്.

പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
ലിഫ്റ്റിന്റെ ഇരമ്പം.

കയറി വരുന്ന
ഏതെങ്കിലുമൊരാള്‍
കൈ പിടിച്ച്
താഴേക്കിറക്കിയെങ്കില്‍..
ഒരു തറ കെട്ടി..
(ആലായാല്‍ തറ വേണം..)
ആശിച്ചു പോവില്ലേ?

നലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്‍ക്കാന്‍?

E-Mail : thambivn@gmail.com
Blog : ഞാനിവിടെയുണ്ട്

Tuesday, May 19, 2009

രണ്ട് അധ്യായങ്ങളുള്ള നഗരം - ടി.പി.അനില്‍കുമാര്‍



രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

EMail : anilantp@yahoo.com
Website : രാപ്പനി

Friday, May 15, 2009

ചന്ദ്രനുദിക്കുമ്പോള്‍ - എസ്‌.കലേഷ്‌



വൈ‌കുന്നേരമാണ്
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

Sunday, May 10, 2009

ദുഃഖശനിയാഴ്ച - അനൂപ്.എം.ആര്

ദുഃഖശനിയാഴ്ച

ഇന്നു നീയാ പരിശുദ്ധനുവേണ്ടി കരയുക
എന്തെന്നാലിന്ന്
ദുഃഖവെള്ളിയാകുന്നു

നീ നാളെയും
കരയുമെന്നാരോ
പ്രവചിക്കുന്നു
എന്തുകൊണ്ടെന്നാല്‍
അവര്‍
നിന്‍റെ കുഞ്ഞാടിനെ
കൊല്ലാന്‍ പോകുന്നു

നിനക്ക്
പാപബോധം വേണ്ടാ
എന്തുകൊണ്ടെന്നാല്‍
നിന്‍റെ പങ്ക് മാംസം
നിന്നെത്തേടിവരും
കൊന്ന പാപം
തിന്നാല്‍ തീരുകയും ചെയ്യും

ഇത്തിരിനേരം

നിന്‍റെ നനുത്ത കൈത്തലം
നെറ്റിയില്‍ വീണെല്ലാ
പകലുകളിലേക്കും
കണ്‍തുറന്നിരുന്നെങ്കില്‍!
ഞാനുറങ്ങട്ടെ
മറന്നതും
മറക്കാത്തതുമായ വഴികളില്‍
ചികഞ്ഞുമലഞ്ഞും
എന്നിലെ കവി
ഉണരുന്നു
അവന്‍ തന്‍റെ
എഴുത്തുപേനയുടെ
മൂര്‍ച്ചകൂട്ടുന്നു
അവനിലെ വാക്ക്
വേതാളത്തെപ്പോലെ
തിരക്കുകൂട്ടുന്നു
അവന്
സംഗീതത്തിന്‍റെ
പട്ടും വളയും
കിട്ടുന്നു
വള്ളികെട്ടിയ
ഊന്നുവടി
വലിച്ചെറിഞ്ഞവനിരു
കാലിലോടുന്നു
സ്വപ്നത്തിലവന്
കൂട്ടുകിട്ടുന്നു
അവന്‍റെ കവിതകളൊക്കെ
കയറ്റത്തിലേക്ക് മാത്രമൊഴുകുന്നു
ഇനി ഇത്തിരി നേരമുറങ്ങട്ടെ
ഒത്തിരിനേരം
സ്വപ്നം കാണട്ടെ


E Mail :
anoopmr5@gmail.com

Monday, May 4, 2009

നല്ല ഉറക്കത്തില്‍ - നസീര്‍ കടിക്കാട്



ല്ല ഉറക്കത്തിലാവണം

പല്ലെല്ലാം കൊഴിഞ്ഞു
മുടി മുക്കാലും പോയി കഷണ്ടിയായി
മീശയും പുരികവും വരെ നരച്ച് വെളുത്തു
തൊലി ചുളുങ്ങി

സ്വപ്നമായത് കൊണ്ടാവണം
വൃദ്ധന് സങ്കടം വന്നില്ല
ഓര്‍മ്മകള്‍ പെറുക്കാനും
സ്വയം ശപിക്കാനും നിന്നില്ല
ഇത്തിരി എന്തെങ്കിലുമൊക്കെ കഴിച്ചും
ചുരുണ്ട് കൂടിയിരുന്നും
നടുനിവര്‍‌ത്തി കിടന്നും....

കിടന്ന കിടപ്പില്‍
നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍‌ന്നപ്പോള്‍
വൈകിയല്ലോയെന്ന്
പല്ല്തേപ്പും കുളിയും കഴിച്ച്
ഉടുത്തൊരുങ്ങി സുന്ദരക്കുട്ടപ്പനായി
മുറ്റത്തേക്കിറങ്ങിയപ്പോള്‍
ബസ്സില്‍ ചാടിക്കയറി നഗരത്തിലെത്തിയപ്പോള്‍

സ്വപ്നത്തിലായതു കൊണ്ടാവണം
ചെറുപ്പക്കാരന് സങ്കടം വന്നില്ല
സമയം പോകുന്നുവല്ലൊ
വയസ്സാകുന്നുവല്ലൊ എന്നൊന്നും
വേവലാതിപ്പെട്ടില്ല
ഓട്ടോ പിടിച്ചും
ഓഫീസുകള്‍ കയറിയിറങ്ങിയും
വിയര്‍‌ത്തൊലിച്ച്
കിതച്ചോടുന്നതിനിടയില്‍

നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍‌ന്നപ്പോള്‍...

EMail:
kaymnazeer@yahoo.com
www.samkramanam.blogspot.com

Sunday, May 3, 2009

ഒട്ടിച്ച നോട്ട് -സെബാസ്റ്റ്യന്‍



ഡാഷ്‌-സ്റ്റേഷനരികിലെ
പണിതീരാത്ത പീടികമുറി
അക്ഷമയുടെ ശയ്യയല്ല

പാതിരാവിലെ പ്രണയം;
ഒട്ടിച്ച നോട്ടുകള്‍,
മുപ്പതുരൂപ.

വെളുപ്പാന്‍ കാലത്തെ
ഉദ്ധരിച്ച വിളക്കുകാലിന്‍ ശിരസ്സില്‍നിന്നും
തെറിച്ചുചാടിയ
രേതസ്സിന്റെ മഞ്ഞ നഗരം
തട്ടുകടയിലെ ഉറക്കമിളച്ച
പല്ലിന്റെ ചിരി
വായ്‌നാറ്റം
തട്ടുദോശ
കട്ടന്‍.

‍കുറച്ചായാല്‍ ഉഷസ്സുവരും!

ചുരിദാറിനകത്തു
കടിച്ചുതുപ്പിയ
ഓസ്സിയാര്‍ ഹാന്‍സ്‌ വാട...
വിയര്‍ത്തചൊറിച്ചിലിന്‍ ചിറകടി.

പ്രകാശതൂറ്റം മലയില്‍ ഉയരും മുമ്പ്‌
ധൃതിയില്‍ അടിച്ചുവാരിക്കൂട്ടി;
കീറിയ പ്ലാസ്റ്റിക്ക്‌ നഗരനായ്‌നാറ്റം.

കുറച്ചായാല്‍ ഉഷസ്സുവരും.

(പുസ്തകം-ഒട്ടിച്ചനോട്ട്. ഡി.സി.ബുക്സ് )